ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പര്‍വ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

trump

ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ ഇറാന്‍ മാറ്റിയതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പര്‍വ്വത മേഖല ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ നടാന്‍സ് ആണവ നിലയത്തിന് സമീപമുള്ള 'പിക്ക്ആക്‌സ് മൗണ്ടന്‍' മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ ഇറാന്‍ മാറ്റിയതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ട്രെംപിന്റെ മുന്നറിയിപ്പ്. ഇറാന് മേല്‍ പത്തിരട്ടിയായി തിരിച്ചടിയെന്നാണ് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സേഥും പ്രതികരിച്ചത്.


യു.എസ്, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2025 ജൂണില്‍ 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് മാറ്റം നടന്നതെന്ന് ഇസ്രായേലി ഇന്റലിജന്‍സ് വിശ്വസിക്കുന്നു. അന്നത്തെ സംഘര്‍ഷത്തില്‍ യു.എസ്, ഇസ്രായേല്‍ സേനകള്‍ ഇറാന്റെ നിരവധി ആണവനിലയങ്ങള്‍ ആക്രമിച്ചിരുന്നു. നടാന്‍സ്, ഫോര്‍ഡോ ആണവനിലയങ്ങള്‍ തകര്‍ന്നിരുന്നു.'പിക്ക്ആക്‌സ്' കേന്ദ്രം ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച കൂടുതല്‍ ശക്തമായ വ്യോമാക്രമണ പരമ്പരയിലും ഈ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. 300 അടിയിലധികം താഴ്ചയില്‍ ഉറപ്പുള്ള ഗ്രാനൈറ്റ് പാറകള്‍ക്ക് അടിയിലാണ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എന്ന് കരുതപ്പെടുന്നു.

Tags