'ഇറാന്റെ സമയം അവസാനിക്കുന്നു, രാജ്യം ബാക്കിയുണ്ടാവില്ല'; കടുത്ത ഭീഷണിയുമായി ട്രംപ്

trump

വാഷിംഗ്ടൺ:  ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി എത്രയും വേഗം സമാധാനക്കരാറിലെത്തിയില്ലെങ്കിൽ ഇറാൻ എന്ന രാജ്യത്തിന്റെ ഒന്നും ബാക്കിയുണ്ടാവില്ലെന്നാണ് ട്രംപിന്റെ ഭീഷണി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാനെതിരെ പുതിയ മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ സമയം അതിവേഗം അവസാനിക്കുകയാണ്. അവർ എത്രയും പെട്ടെന്ന് ചർച്ചകളോട് സഹകരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവരുടെ ഒന്നും തന്നെ ബാക്കിയുണ്ടാവില്ല. സമയം വളരെ വിലപ്പെട്ടതാണെന്ന് ട്രംപ് കുറിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലെ ചില പ്രധാന വ്യവസ്ഥകൾ ഇറാൻ തള്ളിയതും ആണവ പദ്ധതികളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുമാണ് ചർച്ചകൾ സ്തംഭിക്കാൻ കാരണം. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇറാനെതിരെയുള്ള തുടർ സൈനിക നടപടികളെക്കുറിച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായും ഇസ്രായേൽ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ യുഎസ് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറായിട്ടില്ലെന്നാണ് ഇറാൻ മാധ്യമങ്ങൾ ആരോപിക്കുന്നത്. ചർച്ചകൾ വഴിമുട്ടിയതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

Tags