ആദ്യ മൂന്ന് മാസങ്ങളിൽ ട്രംപ് നടത്തിയത് 3,700-ലധികം ഓഹരി വ്യാപാരങ്ങൾ
വാഷിങ്ടൺ: ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളോ നടത്തിയത് 3,700-ലധികം ഓഹരി വ്യാപാരങ്ങൾ. പ്രസിഡന്റിന്റെ സാമ്പത്തിക വെളിപ്പെടുത്തലുകൾ അമേരിക്കയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്നോളജി, ഫൈനാൻസ്, എയ്‌റോസ്‌പേസ്, മീഡിയ കമ്പനികളിലായാണ് കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരങ്ങൾ നടത്തിയിരിക്കുന്നത്.
ലളിതമായി പറഞ്ഞാൽ, ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ട്രംപ് പ്രതിദിനം ശരാശരി 40-ലധികം വ്യാപാരങ്ങൾ നടത്തി. 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഏകദേശം 380 വ്യാപാരങ്ങളായിരുന്നു ട്രംപ് നടത്തിയിരുന്നത്. അതിനെ അപേക്ഷിച്ച് നാടകീയമായ കുതിച്ചുചാട്ടമാണ് 2026 ആദ്യ പാദത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് വാൾസ്ട്രീറ്റ് (അമേരിക്കയിലെ സാമ്പത്തിക വിപണി)യെ ഞെട്ടിച്ചിരിക്കുകയാണ്. ഓഹരി മാർക്കറ്റിലെ പരിചയസമ്പന്നർ പുറത്തുവന്ന കണക്കുകൾ കണ്ട് ആശ്ചര്യപ്പെട്ടു.
"ഇത് ഒരു ഭ്രാന്തമായ അളവുള്ള ട്രേഡുകളാണ്," എന്നായിരുന്നു ടട്ടിൽ ക്യാപിറ്റൽ മാനേജ്‌മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാത്യു ടട്ടിലിന്റെ പ്രതികരണം. "എനിക്ക് അമ്പരപ്പാണ്," ദി വെൽത്ത് അലയൻസിന്റെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ എറിക് ഡിറ്റൺ ബ്ലൂംബെർഗിനോട് പറഞ്ഞു."വാൾസ്ട്രീറ്റിലെ എന്റെ 40-ലധികം വർഷങ്ങളിൽ, ഏത് മാനദണ്ഡങ്ങൾക്കനുസരിച്ചാലും ഇത് അസാധാരണമായ ഒരു ട്രേഡിംഗാണ്," അദ്ദേഹം പറഞ്ഞു.
.jpg)

