ട്രംപിന്റെ വിജയത്തിന് ഇന്ന് ഔദ്യോഗിക അംഗീകാരം
വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിന് ഇന്ന് ഔദ്യോഗിക അംഗീകാരം. അടുത്ത യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഇന്നത്തെ നടപടിക്രമങ്ങള്‍ക്ക് ആധ്യക്ഷ്യം വഹിക്കുന്നത് അദ്ദേഹത്തോടു പരാജയപ്പെട്ട കമല ഹാരിസാണ്. യുഎസ് വൈസ് പ്രസിഡന്റ് സെനറ്റ് പ്രസിഡന്റ് കൂടിയായതിനാലാണ് ജനപ്രതിനിധി സഭ, സെനറ്റ് സംയുക്ത സമ്മേളനത്തില്‍ കമല അധ്യക്ഷയാകുന്നത്.
2020 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കാനായി 2021 ജനുവരി 6ന് കൂടിയ കോണ്‍ഗ്രസ് സംയുക്ത സമ്മേളനം ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറി അലങ്കോലപ്പെടുത്തിയത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശോഭ കെടുത്തി.
പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം തടയാനുള്ള സുരക്ഷാക്രമീകരണ, നിയമ പരിഷ്‌കാരങ്ങളെല്ലാം പിന്നാലെ നടപ്പാക്കിയിരുന്നു. ബൈഡന്‍ ജയിച്ചത് അട്ടിമറിയിലൂടെയാണെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് കഴിഞ്ഞ തവണ ട്രംപ് പരാജയം അംഗീകരിക്കാതെ ഇടഞ്ഞു നിന്നത്.