ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും : ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

donald trump
donald trump

വാഷിങ്ടൺ: ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണി. അമേരിക്കയുടെയും ഇറാൻറെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയ്ക്ക് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപിൻറെ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ട്രംപിൻറെ ഭീഷണി അറിയിച്ചത്.

ഇറാന് ഒരിക്കലും ആണവായുധം നേടാനാവില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ ആത്യന്തിക ലക്ഷ്യം എന്നും നയതന്ത്രത്തിൽ ട്രംപ് വിശ്വസിക്കുന്നുവെന്നും എന്നാൽ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്നും ഇറാനാണ് ഏത് വേണമെന്ന് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഇറാനോടും ദേശീയ സുരക്ഷാ സംഘത്തോടും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ട്രംപിൻറെ ആവശ്യം നിങ്ങൾക്ക് അംഗീകരിക്കാം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമായിരിക്കും -പ്രസ് സെക്രട്ടറി പറഞ്ഞു.

അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് ഇറാനിയൻ പ്രതിനിധി സംഘവുമായി ചർച്ച നടത്താൻ ഒരുങ്ങവെയാണ് ട്രംപിൻറെ ഭീഷണി വന്നിരിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ വലിയ അപകടത്തിലാകുമെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ആണവായുധം ലഭിക്കുന്നത് തടയുന്നതിനായി ഇറാൻറെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ട്രംപ് തുടരുന്നുണ്ട്.

Tags