'അയാൾക്ക് യാതൊരു ബോധവുമില്ല' ; നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ പ്രതിസന്ധികൾക്ക് അയവുവരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ ഒപ്പിടലിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കെ ട്രംപും നെതന്യാഹും തമ്മിൽ കൊമ്പുകോർക്കുന്നു. ലബനാൻ തലസ്ഥാനമായ ബൈറൂതിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.
അമേരിക്ക-ഇറാൻ ചർച്ചകളിൽ ഇസ്രായേലിനെ ഉൾപ്പെടുത്താതിരുന്നതിൽ തെൽ അവീവിലെ ഉദ്യോഗസ്ഥർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെ ‘ഭയങ്കര പിടിവാശിക്കാരൻ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. "അയാൾ ഒരു കടുംപിടുത്തക്കാരനാണ്. സത്യം പറഞ്ഞാൽ ഈ കരാർ ഉണ്ടാക്കിയതിന് അയാൾ ഞങ്ങളോട് നന്ദിയുള്ളവനായിരിക്കണം. കാരണം ഇറാന്റെ കൈവശം ആണവായുധം ഉണ്ടായാൽ പിന്നെ ഇസ്രായേൽ എന്നൊരു രാജ്യം രണ്ട് മണിക്കൂർ പോലും ഭൂമുഖത്ത് അവശേഷിക്കില്ല," ട്രംപ് പറഞ്ഞു
കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രകോപിതനായാണ് ട്രംപ് പ്രതികരിച്ചത്. ഹിസ്ബുല്ല ഇസ്രായേലിന് നേരെ ആദ്യം ആക്രമണം നടത്തിയിരുന്നു എന്നത് ശരിയാണെങ്കിലും അതിൽ ആർക്കും ജീവഹാനിയോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. "കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എന്തിനാണ് ബിബി ഇങ്ങനെയൊരു കോപ്പിലെ ആക്രമണം നടത്തിയത്? എനിക്ക് അത്രക്ക് ദേഷ്യം വന്നു. ഞാൻ അത് അയാളെ അറിയിക്കുകയും ചെയ്തു. അയാൾക്ക് ഒരു വിവേചനവുമില്ല," ട്രംപ് പൊട്ടിത്തെറിച്ചു.
അതേസമയം ഇസ്രായേൽ പ്രകോപനത്തിന് പിന്നാലെ ഇറാൻ സൈന്യം കടുത്ത ജാഗ്രതയിലാണ്. ഇറാന്റെ സായുധ സേനയുടെ വിരലുകൾ ഇപ്പോൾ ‘ട്രിഗറിലാണ്’ ഉള്ളതെന്നും ശത്രുവിന്റെ ഹൃദയത്തിലേക്ക് വെടിയുതിർക്കാൻ തയാറാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ശത്രുവിന്റെ ചെറിയൊരു പിഴവിനായി കാത്തിരിക്കുകയാണെന്നും അതിലൂടെ അവിസ്മരണീയമായ അന്തിമപാഠം പഠിപ്പിക്കുമെന്നും ഇറാന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസി മുന്നറിയിപ്പ് നൽകി.
ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഇറാൻ കരാറുമായി സഹകരിച്ചില്ലെങ്കിൽ തങ്ങൾ സൈനിക ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അങ്ങനെയെങ്കിൽ മിഡിൽ ഈസ്റ്റിന്റെ 'കാവൽക്കാരായി' അമേരിക്ക മാറും പകരം മേഖലയിലെ വരുമാനത്തിന്റെ 20 ശതമാനം യു.എസിന് നൽകേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പുതിയ കരാർ പ്രകാരം അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്ഥിരമായി ടോൾ രഹിതമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
.jpg)

