ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്ന ട്രംപിന്റെ ആവശ്യം പാക്കിസ്ഥാൻ നിരസിച്ചതായി റിപ്പോർട്ട്

trump

 ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം പാക്കിസ്ഥാൻ നിരസിച്ചതായി റിപ്പോർട്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനുമായി സമാധാന കരാറിലെത്താനുള്ള നിലവിലെ ശ്രമങ്ങളുടെ ഭാഗമായി ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ കൂടി 'അബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്ന് ട്രംപ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
''എല്ലാ രാജ്യങ്ങളും ഉടൻ തന്നെ അബ്രഹാം കരാറിൽ ഒപ്പുവെക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഇറാൻ ഈ കരാറിൽ ഒപ്പുവെച്ചാൽ സമാനതകളില്ലാത്ത ലോക സഖ്യത്തിന്റെ ഭാഗമാകാൻ അവർക്ക് അവസരം ലഭിക്കുന്നത് ഒരു വലിയ ബഹുമതി തന്നെയായിരിക്കും,'' ട്രൂത്ത് സോഷ്യൽ മീഡിയയിൽ ട്രംപ് കുറിച്ചു. 

പാക്കിസ്ഥാന് പുറമെ സൗദി അറേബ്യ, ഖത്തർ, തുർക്കി, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പട്ടികയിലുള്ളത്. ഇറാനിലെ വെടിനിർത്തലിനെ അബ്രഹാം ഉടമ്പടിയുടെ വിപുലീകരണത്തിനായി ഉപയോഗിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് പാക്കിസ്ഥാനിലെ റോയിട്ടേഴ്സ് വൃത്തങ്ങൾ സൂചിപ്പിച്ചു. പാക്കിസ്ഥാൻ ട്രംപിന്റെ നിർദേശം തള്ളിക്കളഞ്ഞെങ്കിലും പട്ടികയിലുള്ള മറ്റ് രാജ്യങ്ങളൊന്നും തന്നെ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്ക മുൻകൈ എടുത്ത് കൊണ്ടുവന്നതാണ് അബ്രഹാം ഉടമ്പടി. ഇസ്രായേലും അറബ്-മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക എന്നതായിരുന്നു 2020-ലെ ഈ​​ ഉടമ്പടിയുടെ ലക്ഷ്യം. നിലവിൽ സൗദി അറേബ്യയിലും ഖത്തറിലും ഇസ്രായേലിന് എംബസികളില്ല. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് യുഎഇയിലും (2021) ബഹ്റൈനിലും (2023) ഇസ്രായേൽ തങ്ങളുടെ എംബസികൾ തുറന്നിരുന്നു. 
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ കാരണം ഈ മുസ്ലിം രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ ഇസ്രായേലിനോടുള്ള അമർഷവും അവിശ്വാസവും ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ നീക്കത്തിന് അനുകൂലമായ ഒരു പ്രതികരണം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന ചർച്ചകൾക്ക് പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ചു വരികയാണ്. 

ചർച്ചകൾ നന്നായി മുന്നോട്ട് പോകുന്നുവെന്ന് ട്രംപ് പറയുമ്പോഴും, തെക്കൻ ഇറാനിൽ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളും ലക്ഷ്യമിട്ട് ആത്മരക്ഷാർത്ഥം ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

Tags