ഇറാൻ–അമേരിക്ക ചർച്ചയിൽ ട്രംപ് പങ്കെടുത്തേക്കും: അന്താരാഷ്ട്ര റിപ്പോർട്ട്
വാഷിങ്ടൺ: ഇറാൻ പ്രതിനിധികളുമായി പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നടക്കുന്ന ചർച്ചയിൽ ഇറാനുമായി ഒരു കരാറിലെത്തുകയാണെങ്കിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ഇതിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താനിൽ നടക്കുന്ന ചർച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്. ഹോർമുസിൽ അമേരിക്ക ഇറാൻ കപ്പൽ പിടിച്ചെടുത്തത് അടക്കമുള്ള നടപടികൾ ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ, അത്തരമൊരു അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം 'പോസിറ്റീവായി' വിശകലനംചെയ്തുവരികയാണെന്നും ഇറാൻ പ്രതിനിധി പറഞ്ഞു.
ഇറാൻ പങ്കെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ബുധനാഴ്ചതന്നെ പാകിസ്താനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടന്നേക്കുമെന്നാണ് വിവരം. ചർച്ച നടക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും പാകിസ്താൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ വിവിധയിടങ്ങളിലായി 20,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്താൻ വിന്യസിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. അതിനിടെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള യുഎസ് സംഘം ചൊവ്വാഴ്ച പാകിസ്താനിലേക്ക് യാത്രതിരിക്കുമെന്നാണ് റിപ്പോർട്ട്.
.jpg)

