ഇനി ചർച്ചയ്ക്ക് വന്നാലും വന്നില്ലെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ല; ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിൽ ആശങ്കയില്ലെന്ന് ട്രംപ്
ടെഹ്‌റാൻ: ഇസ്ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാൻ വീണ്ടും ചർച്ചകൾക്ക് വരുമോ എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഡോണാൾഡ് ട്രംപ്. 'അവർ തിരിച്ചുവന്നാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ല. അവർ തിരിച്ചുവന്നില്ലെങ്കിലും ഞാൻ സന്തുഷ്ടനാണ്' ഫ്‌ലോറിഡയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാൻ ഇപ്പോഴും ആണവായുധം നേടാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. 'അവർക്ക് ഇപ്പോഴും അത് വേണം, അത് അവർ കഴിഞ്ഞ രാത്രി വ്യക്തമാക്കിയതാണ്. എന്നാൽ ഇറാനിൽ ഒരു ആണവായുധം ഉണ്ടാകില്ല' അദ്ദേഹം പറഞ്ഞു. 'ഇറാൻ വളരെ മോശം അവസ്ഥയിലാണെന്ന് ഞാൻ കരുതുന്നു. അവർ വളരെ നിസ്സഹായരാണെന്ന് ഞാൻ കരുതുന്നു. 21 മണിക്കൂർ നീണ്ടുനിന്ന ഒരു കൂടിക്കാഴ്ച ഞങ്ങൾ നടത്തി. മറ്റാരെയും അപേക്ഷിച്ച് ഈ സാഹചര്യം ഞങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്' ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് നടത്തിയ ഒരു മാസത്തിലേറെ നീണ്ട സൈനിക നടപടിക്ക് ശേഷം ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലപ്പെട്ടുവെന്ന തന്റെ അവകാശവാദങ്ങൾ യുഎസ് പ്രസിഡന്റ് ആവർത്തിച്ചു.'അവരുടെ സൈന്യം ഇല്ലാതായി. അവരുടെ മിസൈലുകൾ കുറഞ്ഞു. മിസൈലുകളുടെയും ഡ്രോണുകളുടെയും നിർമ്മാണ ശേഷിക്ക് വലിയ തോതിൽ തകർച്ച സംഭവിച്ചു. ഞങ്ങൾ വളരെ മാന്യമായി പെരുമാറി. ഞങ്ങൾ അധികം പാലങ്ങൾ തകർത്തിട്ടില്ല' ട്രംപ് പറഞ്ഞു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ ഇറാൻ പരാജയപ്പെട്ടതായും, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ നേതൃത്വത്തെ 'നുണയന്മാർ' എന്നും യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.'ഹോർമുസ് കടലിടുക്ക് തുറക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. അവർ അത് ചെയ്തില്ല. അവർ നുണ പറഞ്ഞു,' അദ്ദേഹം പറഞ്ഞു.
.jpg)

