ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു

trump

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. രണ്ടു വർഷത്തിലേറെയായി ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് യൂട്യൂബ് ചാനലും വിലക്കി​യിട്ട്. യു.എസ് കാപിറ്റോളിലെ അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് താഴിട്ടത്.

''ഞാൻ തിരിച്ചു വന്നിരിക്കുന്നു''എന്ന് പറഞ്ഞുകൊണ്ട് 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിൽ നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ചാണ് ട്രംപ് യൂട്യൂബിൽ പുനഃപ്രവേശനം അറിയിച്ചത്. നിങ്ങളെ കാത്തിരിപ്പിച്ചതിൽ ക്ഷമിക്കണം വളരെ സങ്കീർണമായ പ്രശ്നങ്ങൾക്കിടയിലായിരുന്നു എന്നും ട്രംപ് പറയുന്നുണ്ട്.

76കാരനായ ട്രംപ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ 3.4 കോടിയാളുകളാണ് ട്രംപിനെ പിന്തുടരുന്നത്. യൂട്യൂബിൽ 2.6 മില്യൺ സബ്​സ്ക്രൈബേഴ്സുമുണ്ട്.

വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവെക്കാമെന്ന് യൂട്യൂബ് അധികൃതർ വ്യക്തമാക്കി. ജനുവരിയിൽ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റ അറിയിച്ചിരുന്നു.

ട്വിറ്ററിൽ 8.7 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്. ട്വിറ്റർ വിലക്കിനു ശേഷം ട്രംപ് സ്വന്തം നിലക്ക് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമ അക്കൗണ്ടുമായി രംഗത്തുവന്നിരുന്നു. ഇതിൽ അഞ്ചു മില്യണിൽ താഴെ പേരാണ് ട്രംപിനെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്.

Share this story