ലക്ഷ്യമിട്ടത് ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ; അക്രമി കുടുംബത്തിനയച്ച മെസേജ് പുറത്ത്
. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അക്രമിയുടെ പരിഹാസം.
വൈറ്റ് ഹൌസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോള്‍ തോമസ് അലന്‍ ആക്രമണത്തിന് മുന്‍പായി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് കുറിപ്പില്‍ പറയുന്നത്. താന്‍ ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍ മാഡ്യൂസ് തോക്കുമായി അത്താഴ വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുമായിരുന്നു എന്നും അക്രമി കുറിപ്പില്‍ പരിഹസിച്ചു. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അക്രമിയുടെ പരിഹാസം. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നതെന്നും ഒരു ദിവസം മുന്‍പേ ഹോട്ടലില്‍ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും കോള്‍ തോമസ് അലന്‍ കുറിപ്പില്‍ പറയുന്നു.
കത്തില്‍ ട്രംപിന്റെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശമില്ല. അതേസമയം ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പ്രതി കുറിച്ചു. എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.
ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ മുതല്‍ താഴെതട്ടിലുള്ളവര്‍ വരെ തന്റെ ലക്ഷ്യമാണെന്ന് അലന്‍ കത്തില്‍ പറയുന്നുണ്ടെങ്കിലും, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നും പറഞ്ഞു. അതെന്തു കൊണ്ടാണെന്ന് പറഞ്ഞിട്ടില്ല. തന്റെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ ബുള്ളറ്റുകള്‍ക്ക് പകരം 'ബക്ക് ഷോട്ട്' ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ അത്യാവശ്യമാണെങ്കില്‍ ആരെയും വെടിവെക്കാന്‍ മടിക്കില്ലെന്നും അക്രമി കുറിച്ചു.
ക്രിസ്ത്യാനികളോടുള്ള വെറുപ്പ് ഇയാളുടെ എഴുത്തുകളില്‍ പ്രകടമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു കരണത്തടിക്കുമ്പോള്‍ അടുത്ത കരണം കാണിച്ചു കൊടുക്കുന്നത് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന വാദവും അക്രമി കത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അമേരിക്കയിലെ ഒരു വെടിവെപ്പ് പരിശീലന കേന്ദ്രത്തില്‍ പ്രതി പതിവായി പരിശീലനം നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. 'കാപ് ടാക്ടിക്കല്‍ ഫയര്‍ആംസ്' എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും വാങ്ങിയത്. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദേശം ലഭിച്ചയുടന്‍ അലന്റെ സഹോദരന്‍ കണക്റ്റിക്കട്ടിലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഹോട്ടലിലെ സുരക്ഷാ പരിശോധനകളെ കബളിപ്പിച്ച് അകത്തു കടന്ന അലനെ, പരിപാടി നടക്കുന്ന മുറിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അധികൃതര്‍ പിടികൂടിയിരുന്നു. അലന്‍ പലപ്പോഴും രാഷ്ട്രീയമായി തീവ്രമായ പ്രസ്താവനകള്‍ നടത്താറുണ്ടെന്നും ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇയാളുടെ സഹോദരി പറഞ്ഞു. ഇയാള്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണോ എന്നത് ഉള്‍പ്പെടെ ഫെഡറല്‍ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
.jpg)

