അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് താരിഫ് ഭീഷണി ; ഇന്ത്യയ്ക്ക് തിരിച്ചടി
മരുന്നുകളുടെ ഉത്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാന്‍ഡ് ഇല്ലാത്ത) മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി വന്‍തോതില്‍ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജനറിക് മരുന്നുകളുടെ ഉത്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. പുതിയ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുക.
എന്നാല്‍ മൂന്നാം വര്‍ഷത്തില്‍ (2028 ഓഗസ്റ്റ് മുതല്‍) ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും കുത്തനെ ഉയര്‍ത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനുവദിച്ച സമയപരിധിക്കുള്ളില്‍ അമേരിക്കയില്‍ പ്ലാന്റുകളും ഉല്‍പ്പാദന സൗകര്യങ്ങളും നിര്‍മ്മിക്കാത്ത കമ്പനികള്‍ക്കുള്ള പിഴയായാണ് ഈ ഉയര്‍ന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ക്ക് നിലവിലുള്ള നയം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ 'ഔഷധശാല' എന്ന് അറിയപ്പെടുന്ന ഇന്ത്യയെ ഈ തീരുമാനം കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക ഉപയോഗിക്കുന്ന മൊത്തം ജനറിക് മരുന്നുകളുടെ അളവില്‍ ഏകദേശം 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ് കയറ്റി അയക്കുന്നത്. പ്രതിരോധ സമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഇന്ത്യന്‍ കമ്പനികളാണ് അമേരിക്കന്‍ വിപണിയിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്.
.jpg)

