യുഎസുമായി രഹസ്യ ചര്‍ച്ചകളില്ല; ട്രംപിന്റേത് വെറും മിഥ്യാധാരണയെന്ന് ഇറാന്‍ സൈന്യം
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകള്‍ മാത്രമാണിതെന്നും ഹുസൈന്‍ മൊഹേബി പരിഹസിച്ചു.
ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ക്കും അമേരിക്കയ്ക്കും ഇടയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഐആര്‍ജിസി വക്താവ് ഹുസൈന്‍ മൊഹേബി പറഞ്ഞതായി ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകള്‍ മാത്രമാണിതെന്നും ഹുസൈന്‍ മൊഹേബി പരിഹസിച്ചു.
ഐആര്‍ജിസി തങ്ങളുടെ നിലപാടുകള്‍ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയില്‍ വരുന്നവയാണ്. നിലവില്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഹുസൈന്‍ മൊഹേബി പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചു കരാര്‍ ലംഘിക്കപ്പെടുന്നതും തുടര്‍ച്ചയായി കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകുന്നതും വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഹുസൈന്‍ മൊഹേബിയുടെ പ്രതികരണം.
തിങ്കളാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ ആണ്, അമേരിക്ക ഐആര്‍ജിസിയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടത്. പരമ്പരാഗത മധ്യസ്ഥരെയോ ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെയോ ഉള്‍പ്പെടുത്താതെ യുഎസ് ഉദ്യോഗസ്ഥര്‍ ഐആര്‍ജിസി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. തനിക്ക് യുദ്ധം അവസാനിപ്പിക്കാന്‍ തിടുക്കമില്ലെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
.jpg)

