യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും ; ട്രംപ്

Donald Trump

സാമ്പത്തിക ഉപരോധത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി ഡാലസിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിനല്ല യുഎസ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിന് ശേഷം യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവര്‍ക്ക് ഇനി ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. അസ്വസ്ഥരായ അവര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്', ട്രംപ് പറഞ്ഞു. ഇറാന്‍ - യുഎസ് സംഘര്‍ഷം ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.

Tags