ഇറാനുമായുള്ള യുദ്ധം നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന മുന്‍ കണക്കുകൂട്ടലുകളില്‍ മാറ്റമില്ലെന്ന് കരോളിന്‍ ലീവിറ്റ്

karoline leavitt

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെങ്കിലും കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.

ഇറാനുമായുള്ള യുദ്ധം നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന മുന്‍ കണക്കുകൂട്ടലുകളില്‍ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിന്‍ ലീവിറ്റ്. മെയ് പകുതിയോടെ നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പ് സംഘര്‍ഷം അവസാനിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. യുദ്ധം കാരണം മാറ്റിവെച്ച ട്രംപിന്റെ ചൈന സന്ദര്‍ശനം മെയ് 14, 15 തീയതികളില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെങ്കിലും കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.
അതേസമയം, ഇറാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അനുമതി തേടില്ലെന്ന് ലീവിറ്റ് പറഞ്ഞു. നിലവില്‍ ഇറാനില്‍ വന്‍തോതിലുള്ള സൈനിക നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

Tags