യുഎസ് ഹോര്‍മൂസിന്റെ 'രക്ഷാധികാരി' എന്ന നിലയില്‍ പ്രവര്‍ത്തിക്കും, അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍ നിന്ന് 20 ശതമാനം ടോള്‍ ഈടാക്കുമെന്നും ട്രംപ്
ഹോര്‍മൂസിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാനില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍ നിന്ന് 20 ശതമാനം ടോള്‍ ഈടാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ആഗോള എണ്ണവ്യാപാരത്തില്‍ നിര്‍ണായക സ്ഥാനമുള്ള, ഹോര്‍മൂസിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാനില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സംഘര്‍ഷം രൂക്ഷമായ നാളില്‍ ഒമാനും ഇറാനും സംയുക്തമായി ഹോര്‍മൂസ് നിയന്ത്രിക്കുമെന്നും ചുങ്കം ഏര്‍പ്പാടാക്കുമെന്നും ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍, പ്രശ്‌നത്തില്‍ ഇതാദ്യമായാണ് ട്രംപ് ഹോര്‍മൂസ് പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലമായി അമേരിക്ക സംരക്ഷിച്ച് വരികയാണെന്നും എന്നാല്‍ അതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇനി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്ന രീതിയില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുമെന്നുമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒപ്പം യുഎസ് ഹോര്‍മൂസിന്റെ 'രക്ഷാധികാരി' എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നും അത്തരം നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും പ്രാദേശിക പരമാധികാരത്തിനും വിരുദ്ധമാണെന്നും ഇറാന്‍ പ്രതികരിച്ചു. ഈ സുപ്രധാന സമുദ്രപാതയുടെ കാര്യത്തില്‍ വിദേശ ഇടപെടല്‍ അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
.jpg)

