അന്താരാഷ്ട്ര ജലപാതകളില്‍ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകള്‍ക്ക് തിരിച്ചടി നല്‍കും ; മുന്നറിയിപ്പുമായി ഇറാന്‍

usa iran

നാവിക ഉപരോധം പ്രായോഗികമായും മുന്‍ മാതൃകകളില്ലാത്ത വിധവും നേരിടും

അന്താരാഷ്ട്ര ജലപാതകളില്‍ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകള്‍ക്കും കപ്പലുകള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ക്കും എതിരെ മുന്നറിയിപ്പുമായി ഇറാന്‍.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
നാവിക ഉപരോധം പ്രായോഗികമായും മുന്‍ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാന്‍ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാന്‍ ഇറാന്റെ കരമാര്‍ഗങ്ങള്‍ക്ക് കഴിയുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടല്‍ക്കൊള്ള ഇനിയും തുടരുകയാണെങ്കില്‍ അഭൂതപൂര്‍വവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ സേനയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകള്‍ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ആഗോള ഊര്‍ജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാന്‍ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് മുന്നറിയിപ്പ്.

Tags