അമേരിക്ക തീരുമാനങ്ങള്‍ എടുക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ശ്രദ്ധിക്കണം ; ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്ന ട്രംപിന്റെ അവകാശ വാദം തള്ളി ഇറാന്‍
അമേരിക്ക തീരുമാനങ്ങള്‍ എടുക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ശ്രദ്ധിക്കണമെന്ന് ട്രംപിനോട് അരാഗ്ചി ആവശ്യപ്പെട്ടു.
ഇറാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക തീരുമാനങ്ങള്‍ എടുക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ശ്രദ്ധിക്കണമെന്ന് ട്രംപിനോട് അരാഗ്ചി ആവശ്യപ്പെട്ടു. തെറ്റായ രഹസ്യാന്വേഷണ വിവരങ്ങള്‍ വ്യാജ വാര്‍ത്തകളേക്കാള്‍ അപകടകരമാണെന്ന് അരാഗ്ചി എക്സില്‍ കുറിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയം കാരണം യുഎസ് നിരന്തരം തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനെതിരായ യുദ്ധം ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും അതിലും വലിയ തെറ്റായ കണക്കുകൂട്ടലിലേക്കാണ് യുഎസ് നീങ്ങുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന്മേല്‍ യുഎസിന് പൂര്‍ണ നിയന്ത്രണമുണ്ടെന്നും, ഞങ്ങളുടെ നാവിക ഉപരോധത്തെ മറികടക്കാന്‍ ഇറാന് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു നേരത്തെ ട്രംപിന്റെ പ്രഖ്യാപനം. ഇറാന് നാവികസേനയോ വ്യോമസേനയോ ഇല്ല. ശേഷിക്കുന്ന സൈനികര്‍ക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചിരുന്നു.
ആഗോള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും ശക്തമാകുന്നതിനിടെ മേഖലയിലെ കപ്പല്‍ ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.
.jpg)

