മഴവെള്ളം കുത്തിയൊലിച്ചു ; ബെംഗളൂരുവില്‍ ജ്വല്ലറിയിലെ രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണം ഒലിച്ചുപോയി

കനത്ത മഴയില്‍ ജ്വല്ലറിയിലെ രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണം ഒലിച്ചുപോയതായി പരാതി. ബാംഗ്ലൂര്‍ മല്ല്വേശരത്തെ നിഹാ ജ്വല്ലറിയിലെ സ്വര്‍ണമാണ് ഒലിച്ചു പോയത്. ജ്വല്ലറിയിലെ 80 ശതമാനത്തോളം ആഭരണങ്ങളും ഫര്‍ണിച്ചറുകളും ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാത്തതാണ് വന്‍ നാശനഷ്ടത്തിന് ഇടയാക്കിയത്. ശനിയാഴ്ച ജ്വല്ലറിയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഇരിക്കെയായിരുന്നു മഴ പെയ്തത്. വാര്‍ഷികാഘോഷത്തിനായി കരുതി വെച്ചിരുന്ന സ്വര്‍ണവും പണവും എല്ലാം ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്നു.
മഴവെള്ളം നിമിഷനേരം കൊണ്ട് കെട്ടിടത്തിനുള്ളില്‍ അടിച്ചു കയറിയതോടെ ജീവനക്കാര്‍ക്ക് ഷട്ടര്‍ അടക്കാന്‍ പോലും സാവകാശം ലഭിച്ചില്ല. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിന്‍ഭാഗത്തെ ലോക്ക് ചെയ്ത വാതിലും തുറന്ന് പോയി.
അടുത്തിടെ കോര്‍പ്പറേഷന്‍ ഓടകളും അഴുക്ക് ചാലുകളും നവീകരിച്ചിരുന്നു. ഈ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും സഹായത്തിനായി ബാംഗ്ലൂര്‍ കോര്‍പ്പറേഷനിലെ അധികൃതരെ വിളിച്ചിട്ടും ലഭിച്ചില്ലെന്ന് കടയുടമ ആരേപിച്ചു.