കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു
അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോര്‍ട്ട്
കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി കാനഡയിലെ മുഴുവന്‍ സമയ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോര്‍ട്ട്. ആഗോള യാത്രകള്‍ തടസ്സപ്പെട്ട കോവിഡ്-19 കാലഘട്ടത്തിന് സമാനമായ രീതിയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് ഡാറ്റാ ഏജന്‍സിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്.
2003-04 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം എട്ടിരട്ടി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 2024-25-ല്‍ 4% വും, 2025-2026-ല്‍ 26 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 മുതല്‍ ഏകദേശം 1,24,000 വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇതോടെ 2025-2026 കാലയളവിലെ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ചുരുങ്ങി. ഇത് 2021-2022 കാലഘട്ടത്തിന് സമാനമായ കണക്കാണ്.
കോളേജ് പ്രോഗ്രാമുകളെയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെയുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 42% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലാ പ്രവേശനത്തില്‍ 17% കുറവുണ്ടായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്.
2024-നെ അപേക്ഷിച്ച് 2025-ല്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 1,31,010 (ഏകദേശം 25%) കുറവുണ്ടായി. ഈ ഇടിവില്‍ 72 ശതമാനവും ഇന്ത്യക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2024-ലെ 1,88,175-ല്‍ നിന്ന് 2025-ല്‍ 94,605 ആയി കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കാനഡ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നടപടികളാണ് പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നത്.
.jpg)

