പ്രതിഷേധങ്ങള്‍ക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീര്‍ത്തും തെറ്റ്' ; ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്
ചില വിദേശ നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫ്രാന്‍സിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണംചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഫ്രാന്‍സിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍ മറുപടി നല്‍കിയത്. ചില വിദേശ നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫ്രാന്‍സിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണംചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും കാരണം കുടിയേറ്റവും ഇസ്ലാമിസ്റ്റുകളുമാണെന്ന ട്രംപിന്റെ വാദത്തെ ഫ്രഞ്ച് പ്രസിഡന്റ് പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ തീര്‍ത്തും തെറ്റാണെന്നായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. വിദേശ നേതാക്കളടക്കം പലരും നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അങ്ങേയറ്റം ബുദ്ധിശൂന്യമായ അഭിപ്രായങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം അദ്ദേഹത്തെയും ഉദ്ദേശിക്കുന്നുണ്ടെന്നായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ മറുപടി.
ഫ്രാന്‍സില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ എഐ സഹായത്തോടെ നിര്‍മിച്ചതാണ്. കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും ഫ്രാന്‍സിനെ ആക്രമിച്ച് കീഴടക്കിയെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. നമ്മുടെ രാജ്യത്തെക്കുറിച്ച് ഇപ്പോള്‍ മോശമായി സംസാരിക്കുന്നവരെല്ലാം നമ്മുടെ രാജ്യത്തെ സ്നേഹിക്കാത്തവരാണ്. അവരെക്കൊണ്ട് വലിയ ശല്യമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ചില നേതാക്കള്‍, അവര്‍ ഈ മേഖലയിലുള്ളവരായാലും അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറത്തുള്ളവരായാലും ഫ്രാന്‍സിനെതിരേ ചില ബുദ്ധികേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അവരുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി അവര്‍ നമ്മുടെ രാജ്യത്തെ ഉപയോഗിക്കുകയാണെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും കാരണം കുടിയേറ്റമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ഉടന്‍ തന്നെ പാരീസ് ഒരു മുസ്ലീം നഗരമായി മാറുമെന്നും എത്രയും വേഗം ഫ്രാന്‍സ് അവരുടെ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും ട്രംപിന് മറുപടിയായി ഫ്രഞ്ച് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
.jpg)


