ബലൂചിസ്ഥാനില്‍ സംഘര്‍ഷം രൂക്ഷം; 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി

balochistan

ആക്രമണങ്ങളില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റതായും ബിഎല്‍എ അവകാശപ്പെട്ടു.

ബലൂചിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ 52 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ നടന്ന 28 വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 52 പാക് സൈനികരെ വധിച്ചതെന്നാണ് ബിഎല്‍എയുടെ അവകാശവാദം. ആക്രമണങ്ങളില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റതായും ബിഎല്‍എ അവകാശപ്പെട്ടു.


പസ്‌നി, ഖറാന്‍, കലാത്, തുര്‍ബത്ത്, മസ്തുങ്, സുറാബ്, ടുംബ്, പിഷിന്‍, ഝാല്‍ മാഗ്‌സി, നോഷ്‌കി, ചഗായ്, ക്വറ്റ തുടങ്ങിയ മേഖലകളിലാണ് പാക് സൈന്യത്തിനെതിരേ ആക്രമണമുണ്ടായതെന്ന് ബിഎല്‍എ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയില്‍ പറഞ്ഞു. പാക് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 12 ബിഎല്‍എ അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ബിഎല്‍എയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ബിഎല്‍എയുടെ അവകാശവാദങ്ങളും പുറത്തുവിട്ട കണക്കുകളും വാര്‍ത്താ ഏജന്‍സികളോ മറ്റോ സ്ഥിരീകരിച്ചിട്ടില്ല. 

Tags