രണ്ട് മാസം മുന്‍പ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ടെഹ്റാന്‍ ഇപ്പോള്‍ തയ്യാറാണ് ; അവകാശവാദവുമായി ട്രംപ്
ഇറാന്‍ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവര്‍ നല്‍കിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള ആണവ തര്‍ക്കത്തില്‍ വലിയൊരു ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ട് മാസം മുന്‍പ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ടെഹ്റാന്‍ ഇപ്പോള്‍ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ ഇനി ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഉറപ്പുനല്‍കിയതായും ഭൂമിക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ കൈമാറാന്‍ ധാരണയായതായും വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാട് മാറ്റത്തിന് ഇറാന്‍ നിര്‍ബന്ധിതമായതെന്ന് ട്രംപ് സൂചിപ്പിച്ചു. നിലവില്‍ ചര്‍ച്ചകള്‍ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇറാന്‍ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവര്‍ നല്‍കിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഇറാന്‍ മുന്നോട്ടുവെച്ച 20 വര്‍ഷത്തെ ആണവ നിയന്ത്രണം എന്ന ഉപാധിയില്‍ ഒതുങ്ങുന്നതല്ല പുതിയ കരാറെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തിന് ശേഷവും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ല എന്ന വിപുലമായ കരാറിലേക്കാണ് നീങ്ങുന്നത്. ഇതില്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വ്യവസ്ഥകള്‍ അംഗീകരിച്ചതായി ഇറാന്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
.jpg)

