സ്ത്രീകള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥന തള്ളി താലിബാന്‍


കാബൂള്‍: സ്ത്രീകള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥന തള്ളി താലിബാന്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് നിലപാട് ആവര്‍ത്തിച്ചത്. അഫ്ഗാന്‍ സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച്, രാജ്യത്ത് സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഇപ്പോള്‍ത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് താലിബാന്‍ വാദിക്കുന്നു.
പാശ്ചാത്യ സമൂഹങ്ങളില്‍ നിന്ന് വ്യത്യാസങ്ങളുള്ള ഇസ്ലാമിക, അഫ്ഗാന്‍ സമൂഹത്തില്‍ ഇതില്‍ കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന സൂചനയും താലിബാന്‍ നല്‍കുന്നു. ലക്ഷക്കണക്കിന് അഫ്ഗാന്‍ വനിതകളുടെ വിദ്യാഭ്യാസവും പൗരാവകാശങ്ങളും താലിബാന്‍ ഭരണകൂടം റദ്ദാക്കിയിരിക്കുക ആണ്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനോ അനുവാദം ഇല്ല. ഇതിനെതിരെ വിവിധ രാജ്യങ്ങള്‍ പല ഘട്ടങ്ങളിലും പ്രതിഷേധം അറിയിച്ചിരുന്നു. അത്തരം പ്രതികരണങ്ങള്‍ ഒന്നും തങ്ങള്‍ കണക്കാക്കുന്നില്ല എന്ന നിലപാടാണ് താലിബാന്‍ ഇപ്പോള്‍ അവര്‍ത്തിച്ചിരിക്കുന്നത്.