ഇറാന്റെ കീഴടങ്ങലും എണ്ണസമ്പത്ത് പിടിച്ചെടുക്കലുമാണ് അമേരിക്കയുടെ ലക്ഷ്യം: ഇറാൻ
തെഹ്റാൻ: ഇറാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനല്ല അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാനിയൻ ജനതയുടെ ഇച്ഛാശക്തിയെ കീഴടക്കുകയും രാജ്യത്തിന്റെ എണ്ണയുൾപ്പെടെയുള്ള വിഭവങ്ങൾ കൈക്കലാക്കുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജാഫർ ഖയേംപനാ. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയാണ് യുദ്ധത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ഒടുവിൽ നയതന്ത്ര ചർച്ചകളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കയുടെ ലക്ഷ്യങ്ങൾ ഇറാന്റെ പരമാധികാരത്തെയും സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശത്തെയും ബാധിക്കുന്നതാണെന്ന് ഖയേംപനാ ആരോപിച്ചു. ഇറാന്റെ പ്രകൃതിവിഭവങ്ങൾ, പ്രത്യേകിച്ച് എണ്ണസമ്പത്ത്, നിയന്ത്രണത്തിലാക്കാനുള്ള ശ്രമവും അമേരിക്കയുടെ നീക്കങ്ങൾക്കു പിന്നിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
'അമേരിക്കയ്ക്ക് ഇറാന്റെ സ്വാതന്ത്ര്യം വേണ്ട. ഇറാനിയൻ ജനതയുടെ ഇച്ഛാശക്തിയെ കീഴടക്കുകയും എണ്ണയുൾപ്പെടെയുള്ള രാജ്യത്തിന്റെ വിഭവങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയാണ് അവരുടെ ലക്ഷ്യം,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'യുദ്ധം തുടങ്ങിയത് അമേരിക്ക' ഇറാൻ യുദ്ധത്തിന് തുടക്കമിട്ടതല്ലെന്നും അമേരിക്കയാണ് സംഘർഷം ആരംഭിച്ചതെന്നും ഖയേംപനാ പറഞ്ഞു. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സൈനിക സംഘർഷങ്ങൾക്ക് പകരം നയതന്ത്രത്തിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നുമാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നവരല്ല. അവർ യുദ്ധം തുടങ്ങി. എന്നാൽ യുദ്ധം ആത്യന്തികമായി നയതന്ത്രത്തിലേക്കാണ് നയിക്കുക,'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സൈനിക നടപടികളിലൂടെ ഇറാനെ കീഴടക്കാമെന്ന അമേരിക്കയുടെ കണക്കുകൂട്ടൽ വിജയിക്കില്ലെന്ന സന്ദേശമാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെ ഇറാൻ നൽകുന്നത്. യുദ്ധം ആരംഭിച്ചാലും അതിന്റെ അവസാനഘട്ടത്തിൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും അനിവാര്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
.jpg)


