ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത വ്യാജ വിധികളെ ആശ്രയിച്ച് ഉത്തരവ് ; കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഗുരുതരമായ ദുർനടപടിയായികണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ സംഭവത്തിൽ വിശദമായ പരിശോധന നടത്താനും കോടതി നിർദേശിച്ചു. 'ഇത്തരത്തിലുള്ള വ്യാജ വിധികളെ ആശ്രയിക്കുന്നത് വെറും തീരുമാനത്തിലെ പിഴവല്ല, അത് ഔദ്യോഗികമായ ദുർനടപടിയാണ്. ഇതിന് ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം,' ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ ഒരു വിചാരണ കോടതിയിലാണ് സംഭവം. വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപോർട്ടിനെതിരായ പരാതികൾ തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
tRootC1469263">എന്നാൽ ഉത്തരവിൽ ആധാരമാക്കിയ ചില മുൻകാല വിധികൾ യാഥാർഥ്യത്തിൽ നിലവിലില്ലാത്തെതും എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതുമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി, വിചാരണ കോടതി പരാമർശിച്ച വിധികൾ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും, കേസിന്റെ ഗുണദോഷങ്ങൾ വിലയിരുത്തി ഉത്തരവ് ശരിവച്ചു. ഇതിനെതിരായ ഹരജിയിലാണ് സുപ്രിംകോടതി ഇടപ്പെട്ടത്. അഭിഭാഷകർ ഹരജികൾ തയ്യാറാക്കുന്നതിനിടെ ഉപകരണങ്ങൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ, വ്യാജ വിധികൾ രേഖകളിൽ ഉൾപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾക്കെതിരേ കർശനമായ മുന്നറിയിപ്പും കോടതി നൽകി. നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'mercy vs mankind' പോലുള്ള വിചിത്രമായ പേരുകളിലുള്ള നിലവിലില്ലാത്ത വിധികൾ പോലും ഹരജികളിൽ ഉൾപ്പെടുത്തിയതായി അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
.jpg)


