നിങ്ങളുടെ പൗരന്മാരെ പുടിന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത് തടയണം ; റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്ന്‍ പ്രസിഡന്റ്

ukraine

വിദേശ പൗരന്മാരെ വ്യാജ വാഗ്ദാനങ്ങളും ചതിക്കുഴികളും വഴി റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സെലെന്‍സ്‌കി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

 യുഎന്‍ പൊതുസഭയില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്നിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യ 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ചെന്ന് യുക്രെയ്ന്‍ സെലെന്‍സ്‌കി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യുക്രെയ്ന്‍ പ്രസിഡന്റ് ആരോപിച്ചു. ഇന്ത്യ, ഘാന, നേപ്പാള്‍, തജിക്കിസ്ഥാന്‍, യെമന്‍, കെനിയ, സിംബാബ്വെ, ക്യൂബ, ബെലാറൂസ്, സുഡാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ യുക്രെയ്നിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യ ഉപയോഗിക്കുകയാണെന്നും നിങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അനുവദിക്കരുതെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.


വിദേശ പൗരന്മാരെ വ്യാജ വാഗ്ദാനങ്ങളും ചതിക്കുഴികളും വഴി റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സെലെന്‍സ്‌കി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. റഷ്യക്കാരല്ലാത്ത നിരവധി മനുഷ്യര്‍ യുദ്ധക്കളത്തില്‍ കൊല്ലപ്പെടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. കബളിപ്പിക്കലുകളിലൂടെയും വ്യാജ വാഗ്ദാനങ്ങളിലൂടെയും റഷ്യയിലെത്തിപ്പെട്ട നിങ്ങളുടെ പൗരന്മാരാണ് അവര്‍. നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. അവരെ സംരക്ഷിക്കണം. പുടിന്റെ ഈ ഭ്രാന്തിന് നിങ്ങളുടെ പൗരന്മാരുടെ ജീവന്‍ ബലികൊടുക്കാന്‍ അനുവദിക്കരുത്. പുടിനെ ഈ യുദ്ധത്തിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കരുത്- സെലന്‍സ്‌കി പറഞ്ഞു.

റഷ്യയുടെ യുദ്ധ ശേഷിയെ തകര്‍ക്കാന്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വ്യാപാരവും പരിമിതപ്പെടുത്തണമെന്ന് സെലന്‍സ്‌കി ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. റഷ്യയുമായുള്ള ഊര്‍ജ വ്യാപാരം കുറയ്ക്കാന്‍ ഇന്ത്യയോടും ചൈനയോടും തുര്‍ക്കിയോടും അദ്ദേഹം ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയുടെ ഈ പ്രസംഗത്തോടെ വിദേശ പൗരന്മാരുടെ റിക്രൂട്ട്മെന്റ് വിഷയം ആഗോളതലത്തില്‍ വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Tags