സ്വിറ്റ്സര്‍ലന്‍ഡിലെ റെയില്‍വേ സ്‌റ്റേഷനില്‍ കത്തിക്കുത്ത് ; മൂന്നു പേര്‍ക്ക് പരിക്കേറ്റു ; ഭീകരവാദ ബന്ധമുള്ള 31 കാരന്‍ അറസ്റ്റില്‍

switzerland

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ആക്രമണ സമയത്ത് ഇയാള്‍ 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡിലെ വിന്റര്‍തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ 31 കാരനായ സ്വിസ്-തുര്‍ക്കിഷ് പൗരന്‍ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ആക്രമണ സമയത്ത് ഇയാള്‍ 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
28, 43, 52 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 52 കാരനായ വ്യക്തിക്ക് തുടയ്ക്ക് ഗുരുതരമായി കുത്തേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല. പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങള്‍ നടത്തിയതിന് മുന്‍പ് നിയമനടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ച പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പ്രതിയെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഇയാള്‍ സ്വയം അവിടെനിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഇറങ്ങി. ഇയാള്‍ സമൂഹത്തിന് ഭീഷണിയല്ലെന്ന ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍ തെറ്റായിരുന്നുവെന്ന് സുരക്ഷാ വിഭാഗം മേധാവി മരിയോ ഫെഹ്ര് പറഞ്ഞു.

ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴടക്കിയതിനാല്‍ വലിയ ആശങ്ക ഒഴിവായി.

Tags