ശ്രീലങ്കയിൽ വയോജന സംരക്ഷണ കേന്ദ്രത്തിൽ തീപിടിത്തം ; 11 മരണം

jhjh

കൊളംബോ : ശ്രീലങ്കയിലെ അങ്കുരുവാട്ടയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 11 മരണം. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കേന്ദ്രത്തിലുണ്ടായിരുന്ന 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞി​ല്ലെന്ന് പൊലീസ് പറഞ്ഞു. 51 പേരെയാണ് കെട്ടിടത്തിനുള്ളിൽനിന്ന് രക്ഷപ്പെടുത്തിയത്.പരിക്കേറ്റ ഏഴുപേർ ആശു​പത്രിയിൽ ചികിത്സയിലാണ്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും മണിക്കൂറുകളോളം രക്ഷാപ്രവർത്തനവും തീയണക്കാനുള്ള ശ്രമവും നടത്തി. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ശ്രീലങ്കൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ മജിസ്റ്റീരിയിൽ അ​ന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags