കുട്ടികളിലെ സോഷ്യൽ മീഡിയ നിയന്ത്രണം ; വിർജീനിയയിൽ ഇനി മുതൽ പുതിയ ബിൽ പ്രാബല്യത്തിൽ


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ പുതിയ ബിൽ കൊണ്ടുവന്നിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ വിർജീനിയ. കൺസ്യൂമർ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ഈ ബിൽ വിർജീനിയ ഗവർണർ ഗ്ലെൻ യോങ്കിൻ ഒപ്പുവെച്ചു. പതിനാറ് വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുകയാണ് ഈ നിയമഭേദഗതിയുടെ പ്രധാനലക്ഷ്യം. ഇതുപ്രകാരം കൗമാരക്കാർക്ക് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ദിവസം ഒരു മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തും. കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുകയും ചെയ്യാം.
തുടർന്ന് മറ്റൊരു പ്രധാന കാര്യവും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രായം നിഷ്പക്ഷമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചോദിക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. പ്രത്യേകമായൊരു ഉത്തരം നൽകാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കാത്ത തരത്തിലാണ് പ്രായം ചോദിക്കേണ്ടത്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രായം ഉറപ്പാക്കാൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂയെന്നും നിർദ്ദേശമുണ്ട്.
