സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർക്ക് ഇന്ത്യയിൽ സ്‌കിൽ ടെസ്റ്റ് നിർബന്ധമാക്കി
റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർക്ക് ഇന്ത്യയിൽ സ്‌കിൽ ടെസ്റ്റ് നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം' വഴിയാണ് പരീക്ഷ നടത്തുന്നത്.
അതേസമയം, മറ്റു ഗാർഹിക വിസകൾക്ക് നിലവിൽ സ്‌കിൽ ടെസ്റ്റ് നിർബന്ധമില്ല. സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ 'മുസാനിദി'ൽ സ്‌കിൽ ടെസ്റ്റ് ഓപ്ഷൻ അപ്ഡേറ്റ് ചെയ്തതോടെ ഇനിമുതൽ പരീക്ഷ വിജയിക്കണം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് സ്‌കിൽ ടെസ്റ്റ്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാവൂ. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. ഇതിനുപുറമേ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്‌നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും കേന്ദ്രങ്ങളുണ്ട്. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
സ്‌കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പാസ്പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. മൂന്നു വർഷം മുമ്പ് ലേബർ കാറ്റഗറിയിലുള്ള വിസകൾക്കാണ് സ്‌കിൽ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നതെങ്കിൽ, നിലവിൽ ലോഡിങ്-അൺലോഡിങ് വിസകൾ ഉൾപ്പെടെയുള്ള മുഴുവൻ ലേബർ വിസകൾക്കും ഇത് ബാധകമാണ്.
.jpg)

