സിങ്കപ്പൂർ പാർലമെന്റ് പിരിച്ചുവിട്ടു ; പൊതുതെരഞ്ഞെടുപ്പ് മേയ് മൂന്നിന്


സിങ്കപ്പൂർ: ലോകത്തെ സമ്പന്നരാജ്യമായ സിങ്കപ്പൂരിന്റെ പാർലമെന്റ് പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പ് മേയ് മൂന്നിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് വകുപ്പ് അറിയിച്ചു. ഭരണകക്ഷിയായ പീപ്ൾസ് ആക്ഷൻ പാർട്ടി (പി.എ.പി) തന്നെയാണ് വീണ്ടും അധികാരത്തിലെത്താൻ സാധ്യത. 1965 മുതൽ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് പി.എ.പി. പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ നേതൃത്വത്തിലാണ് പാർട്ടി വീണ്ടും ജനവിധി തേടുന്നത്.
ലീ സീൻ ലൂങ്ങിന്റെ 20 വർഷം നീണ്ട ഭരണത്തിന് ശേഷമാണ് ലോറൻസ് കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി പദവിയിലെത്തിയത്. 2020ൽ കോവിഡ് കാലത്ത് നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിൽ പി.എ.പി ഭൂരിപക്ഷം നേടിയിരുന്നെങ്കിലും ജനപ്രീതി ഇടിയുകയും പത്ത് സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
