സിംഗപ്പൂരിൽ സ്‌കൂളിലുണ്ടായ തീപിടുത്തത്തിൽ വിദ്യാർഥിനി മരിച്ചു


സിംഗപ്പൂർ: സിംഗപ്പൂരിൽ സ്‌കൂളിലുണ്ടായ തീപിടുത്തത്തിൽ പത്തുവയസുകാരി മരിക്കുകയും ഇരുപതിലധികം പേർക്ക് പരുക്കേൽകയും ചെയ്തു. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകനും അപകടത്തിൽ പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടികൾക്കായുള്ള പഠനവും പഠനമികവ് വർധിപ്പിക്കാനുള്ള ക്ലാസുകളും നടക്കുന്ന സിംഗപ്പൂരിലെ ഷോപ്പ്ഹൗസിൽ തീപിടുത്തമുണ്ടായത്.
23നും അമ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ആറുപേർ, ഏഴു വയസുകരാനായ പവൻ കല്യാണിന്റെ മകൻ ഉൾപ്പെടെ ആറിനും പത്തിനുമിടയിൽ പ്രായമുള്ള പതിനാറ് കുട്ടികൾ എന്നിവരെയാണ് മൂന്നുനിലകളുള്ള റിവർ വാലി റോഡ് ബിൽഡിംഗിൽ നിന്നും രക്ഷപ്പെടുത്തിയത്.
സ്‌കൂളിന് സമീപമുണ്ടായിരുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ കുട്ടികളെ താഴത്തെ നിലകളിലേക്ക് എത്തിക്കാനും സഹായിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ ഫയർഫോഴ്‌സ് എത്തിയാണ് ബാക്കി നടപടികൾ സ്വീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിനി മരിച്ചത്. സംഭവത്തിൽ അട്ടിമറിയൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
