ബംഗ്ലാദേശിലെ കറൻസികളിൽനിന്ന് ശൈഖ് മുജീബുറഹ്മാൻറെ ചിത്രം നീക്കി


ധാക്ക: ബംഗ്ലാദേശിലെ കറൻസി നോട്ടുകളിൽ ഇനി ‘രാഷ്ട്രപിതാവ്’ ശൈഖ് മുജീബുറഹ്മാൻറെ ചിത്രം ഉണ്ടാകില്ല. മുജീബുറഹ്മാൻറെ ചിത്രമില്ലാതെ പുതുതായി രൂപകൽപന ചെയ്ത നോട്ടുകൾ ബംഗ്ലാദേശ് പുറത്തിറക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ കറൻസിയായ ബംഗ്ലാദേശ് ടാക്കയുടെ പഴയ നോട്ടുകൾ ഘട്ടംഘട്ടമായി അസാധുവാക്കിയതോടെ കറൻസി നോട്ടുകളിൽ നിന്ന് മുജീബുറഹ്മാൻറെ ചിത്രം ഒഴിവാക്കുന്ന നടപടിക്ക് നേരത്തേ തന്നെ ബംഗ്ലാദേശ് തുടക്കം കുറിച്ചിരുന്നു.
tRootC1469263">പുതിയ സീരിസിലെ നോട്ടുകളിൽ ചരിത്രത്തിൽ ആദ്യമായി മുജീബുർറഹ്മാന്റെ ചിത്രം ഇല്ല. പകരം, ബംഗ്ലാദേശിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവയാണ് പുതിയ ബാങ്ക് നോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും ബുദ്ധമത ആരാധനാലയങ്ങളുടെയും ചിത്രങ്ങളും പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുന്നു.

മുജീബുറഹ്മാൻറെ മകളും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനക്കെതിരെ ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണലിലെ പ്രോസിക്യൂട്ടർമാർ മനുഷ്യത്വത്തിനെതിരായ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ കൂട്ടക്കൊല നടത്താൻ ഉത്തരവിട്ടതിൽ ഹസീനക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജനകീയ പ്രക്ഷോഭത്തിനൊടുവിൽ 2024 ആഗസ്റ്റ് അഞ്ചിനാണ് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നിഷ്‍കാസിതയായത്. പിന്നാലെ ഭരണത്തിൽവന്ന മുഹമ്മദ് യൂനുസിൻറെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ, പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിൽനിന്നും ഇതുവരെ രാഷ്ട്രപിതാവായി കണക്കാക്കിയിരുന്ന ശൈഖ് മുജീബുറഹ്മാനെ മാറ്റിയിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാഉർ റഹ്മാൻ ആണെന്നാണ് പുതിയ പുസ്തകങ്ങളിലുള്ളത്.