ഷെയ്ഖ് ഹസീനയുടെ കുടുംബ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

shaikh haseena
shaikh haseena

ധാക്ക മെട്രോപൊളിറ്റന്‍ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ആയ സാക്കിര്‍ ഹൊസൈന്‍ ഖാലിബ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ധന്‍മോണ്ടിയിലെ വീടായ സുദസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ധാക്ക കോടതി. ഷെയ്ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. ധാക്ക മെട്രോപൊളിറ്റന്‍ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ആയ സാക്കിര്‍ ഹൊസൈന്‍ ഖാലിബ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്ഷന്‍ കമ്മീഷന്റെ (എസിസി) അപേക്ഷയെ തുടര്‍ന്നാണ് നടപടി. 

ഷെയ്ഖ് ഹസീനയുടെ മകന്‍ സാജിബ് വാസെദ് ജോയ്, മകള്‍ വാസെദ് പുടുല്‍, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദീഖ്, രദ്‌വാന്‍ മുജിബ് സിദ്ദീഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. രാജ്യത്താകെ കത്തിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്. ഷെയ്ഖ് ഹസീന സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി നടത്തുന്ന 'തെറ്റായതും കെട്ടിച്ചമച്ചതുമായ' അഭിപ്രായങ്ങളിലും പ്രസ്താവനകളിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Tags