ഡാലസില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും ; പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി ; 8500 ഓളം പേര്‍ ഇരുട്ടിലായി

ശക്തമായ മഴയിലും കാറ്റിലും വടക്കന്‍ ടെക്‌സസില്‍ പ്രധാനമായും ഫോര്‍ട്ട് വര്‍ത്ത്, ഇര്‍വിങ് മേഖലയിലെ പല വീടുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രി 9 മണിവരെ 8500 ഓളം വീടുകളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ശക്തമായ കൊടുങ്കാറ്റില്‍ ചില ഭാഗത്ത് വെള്ളപ്പൊക്കവുമുണ്ടായി. ആലിപ്പഴവും ശക്തമായ കാറ്റും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് വടക്കന്‍ ടെക്‌സാസിലൂടെ നീങ്ങിയ ശക്തമായ കൊടുങ്കാറ്റ് അസാധാരണമായ തണുപ്പാണ് ഉണ്ടാക്കിയത്.
ചുഴലിക്കാറ്റ് വടക്കന്‍ ടെക്‌സസിന്റെ കിഴക്കും തെക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ഡാലസ് കൗണ്ടിയുടെ ചില ഭാഗങ്ങളില്‍ അര മണിക്കൂറോളം ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടായിരുന്നു. ഡാലസ്, ടാറന്റ് കൗണ്ടികളിലെ ചില ഭാഗങ്ങളില്‍ നാഷണല്‍ വെതര്‍ സര്‍വീസ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ആലിപ്പഴവും മഴയും പെയ്തതിനാല്‍ വെള്ളക്കെട്ട് പല ഭാഗത്തുമുണ്ടായി.
ഫോര്‍ട്ട് വര്‍ത്ത്, നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സ് എന്നിവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
13ഓളം കാര്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.