യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി: ഡെമോക്രാറ്റുകൾക്കെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

Setback in US midterm elections: Donald Trump threatens to use veto power against Democrats

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, ഡെമോക്രാറ്റുകളുടെ നിയമനിർമ്മാണ നീക്കങ്ങളെ പൂർണ്ണമായി പ്രതിരോധിക്കാൻ തന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. താൻ നേരിട്ട് മത്സരരംഗത്തില്ലാതിരുന്നതാണ് പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്നും ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി ചരിത്ര വിജയം നേടിയേനെ എന്നും അദ്ദേഹം അവകാശപ്പെട്ടു. 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച ട്രംപ്, ഡെമോക്രാറ്റിക് അജണ്ടകൾ തടയുമെന്ന് വ്യക്തമാക്കിക്കൊണ്ട് 'വീറ്റോ' എന്നെഴുതിയ ചുവന്ന റിപ്പബ്ലിക്കൻ തൊപ്പിയുടെ ചിത്രവും പങ്കുവെച്ചു. ഉയരുന്ന ജീവിതച്ചെലവ്, താരിഫുകൾ, ഇന്ധനവില വർദ്ധനവ് തുടങ്ങിയവ തിരിച്ചടിയായ തെരഞ്ഞെടുപ്പിൽ യു.എസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചതോടെ, രണ്ടാം ഭരണകാലത്തിന്റെ അവസാന വർഷങ്ങളിൽ ട്രംപിന്റെ നിയമനിർമ്മാണങ്ങൾ തടയാനും ഭരണകൂടത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും ഡെമോക്രാറ്റുകൾക്ക് കരുത്തേകും.

സെനറ്റിന് പുറമെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും ഗവർണർ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകൾ നിർണായക വിജയം നേടി. നോർത്ത് കരോലിന, സൗത്ത് കരോലിന, ടെക്സസ്, ഒഹായോ എന്നിവിടങ്ങളിൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്ത ഡെമോക്രാറ്റുകൾക്കായി ടെക്സസിൽ ജെയിംസ് തലാറിക്കോയും, സൗത്ത് കരോലിനയിൽ സെനറ്റിലെത്തുന്ന ആദ്യ വനിതയായി ആനി ആൻഡ്രൂസും ചരിത്രം കുറിച്ചു. ഒഹായോയിൽ ട്രംപ് പിന്തുണച്ച വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി ആമി ആക്ടനും, ജോർജിയയിൽ സംസ്ഥാന ഗവർണറാകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായ വനിതയായി കീഷ ലാൻസ് ബോറ്റംസും വിജയിച്ചു. 2024-ൽ ട്രംപിനെ പിന്തുണച്ച പ്രവിശ്യകളിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറിയതോടെ, നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയുള്ള രാജ്യവ്യാപക ജനവിധിയായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

Tags