ചൈനക്ക് തിരിച്ചടി; പകരച്ചുങ്കത്തിന് 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് ട്രംപ്


ഭീഷണി നടപ്പായാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 104 ശതമാനം തീരുവയാകും
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. ആഗോള വിപണി തകര്‍ന്നടിയുമ്പോഴും താരിഫ് യുദ്ധത്തിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 104 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
