'സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്'; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്സ്വാള്‍ പറഞ്ഞു
സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്സ്വാള്‍ പറഞ്ഞു.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് 'ഇസ്ലാമിക് നാറ്റോ' എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണോ എന്നും, ആ വിശേഷണത്തെ ന്യൂഡല്‍ഹി അംഗീകരിക്കുന്നുണ്ടോ എന്നും മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. ആ പദപ്രയോഗത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ജയ്‌സ്വാള്‍, ദേശീയ സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഈ കരാര്‍ ചെലുത്താവുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ത്യ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് മാത്രമാണ് പ്രതികരിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് 'മക്ക സംയുക്ത പ്രതിരോധ കരാര്‍' ഒപ്പുവെച്ചത്. ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനു നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്നിനുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും, പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ കക്ഷികള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിലൂടെ ആരംഭിക്കുകയും പിന്നീട് ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവരെ ഈ കരാര്‍ ഒന്നിപ്പിക്കുന്നു. ഇതിനുമുമ്പ് 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒരു 'തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാര്‍' ഒപ്പുവെച്ചിരുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണത്തെ ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതായിരുന്നു അതിലെ വ്യവസ്ഥ.
പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയാണെന്ന് വിശേഷിപ്പിക്കുകയും, ഇന്ത്യയും ഇസ്രായേലും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്ത പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഉത്തരവാദി ഏത് രാജ്യമാണെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
.jpg)

