യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ജി7 തീരുമാനം

ഹിരോഷിമ : യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യക്കെതിരെ കൂടുതൽ ശക്തമായ ഉപരോധം ഏർപ്പെടുത്താൻ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 തീരുമാനിച്ചു. യുക്രെയ്ന് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നും കൂട്ടായ്മ പ്രഖ്യാപിച്ചു. ജപ്പാനിലെ ഹിരോഷിമയിൽ വെള്ളിയാഴ്ച ആരംഭിച്ച ജി7 ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും പങ്കെടുക്കും.
അമേരിക്ക, ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്. റഷ്യക്കെതിരെ നിലവിലുള്ള ഉപരോധ നടപടികൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നെതിരെ 15 മാസമായി നടത്തുന്ന യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ഏത് കയറ്റുമതിക്കും ജി7 രാജ്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തും.
വ്യാവസായിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, യുദ്ധത്തിനായി റഷ്യ ഉപയോഗപ്പെടുത്തുന്ന മറ്റ് സാങ്കേതികവിദ്യകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ലോഹ, വജ്ര വ്യാപാരത്തിൽനിന്ന് റഷ്യക്ക് ലഭിക്കുന്ന വരുമാനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
യുക്രെയ്നുമേലുള്ള റഷ്യയുടെ അധിനിവേശത്തെ കൂട്ടായ്മ അപലപിച്ചു. യുദ്ധത്തിൽ തകർന്ന യുക്രെയ്ന്റെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായവും സൈനിക സഹായവും നൽകുമെന്നും വാഗ്ദാനം ചെയ്തു.ഞായറാഴ്ച വരെ നീളുന്ന ഉച്ചകോടിയിൽ ചൈനയുമായുള്ള സംഘർഷവും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.