കരിങ്കടലില്‍ തുര്‍ക്കി കപ്പലിനു നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ക്യാപ്റ്റനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു
കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരടക്കം 11 ജീവനക്കാരെ റൊമാനിയന്‍ നാവികസേന രക്ഷിച്ചു
കരിങ്കടലില്‍ തുര്‍ക്കി കപ്പലിനു നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. കപ്പലിന്റെ ക്യാപ്റ്റനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി ചരക്കു കപ്പലായ റോയാദ് മമ്മദോവ് ആണ് ആക്രമിക്കപ്പെട്ടത് ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ മുങ്ങി. റൊമാനിയന്‍ തീരത്താണ് കപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരടക്കം 11 ജീവനക്കാരെ റൊമാനിയന്‍ നാവികസേന രക്ഷിച്ചു. യുക്രെയ്ന്‍ തുറമുഖത്തു നിന്ന് ഇറ്റലിയിലേക്ക് ചോളം കൊണ്ടു പോകുകയായിരുന്നു കപ്പല്‍. കപ്പല്‍ ആക്രമണത്തെ അപലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. അതിനിടെ ഹോര്‍മുസില്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതായി യു കെ മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.
റഷ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, രണ്ട് ചരക്ക് കപ്പലുകള്‍ ആക്രമിച്ചതായി അവരുടെ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്കും കരിങ്കടലിലെ കപ്പലുകള്‍ക്കുമെതിരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് തങ്ങള്‍ യുക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതെന്ന് റഷ്യ അറിയിച്ചു.
.jpg)


