കീവിൽ റഷ്യയുടെ അപ്രതീക്ഷിതമായ വ്യോമാക്രമണം

കീവ്: ചൊവ്വാഴ്ച പുലർച്ചെ കീവിൽ റഷ്യയുടെ അപ്രതീക്ഷിതമായ വ്യോമാക്രമണം. ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി യുക്രെയിൻ അവകാശപ്പെട്ടു . തലസ്ഥാനത്തെ ലക്ഷ്യമാക്കിയെത്തിയ 18 മിസൈലുകൾ വെടിവച്ചിട്ടതായി യുക്രെയിൻ അധികൃതർ പറഞ്ഞു.
കടലിൽ നിന്നും കരയിൽ നിന്നും വിക്ഷേപിച്ച റഷ്യൻ മിസൈലുകൾ തീർത്ത ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ കീവിനെ വിറപ്പിച്ചു. എന്നാൽ, യുദ്ധത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ വിതരണം ചെയ്ത ആയുധങ്ങൾ യുക്രെയിന് ഗുണം ചെയ്തു. റഷ്യയുടെ അതിതീവ്ര ആക്രമണത്തെ വിജയകരമായി ചെറുക്കാൻ അവർക്കായി. പ്രതിരോധസേനയുടെ പ്രകടനത്തെ വാഴ്ത്തി യുക്രെയിൻ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് 'മറ്റൊരു അവിശ്വസനീയ വിജയം' എന്ന് ട്വീറ്റ് ചെയ്തു.
കീവിനെ ലക്ഷ്യം വെച്ച് ഈ മാസം എട്ടാം തവണയാണ് റഷ്യൻ വ്യോമാക്രമണം. മിഗ്-31കെ വിമാനത്തിൽ നിന്ന് ആറ് 'കിൻസാൽ' എയ്‌റോ-ബാലിസ്റ്റിക് മിസൈലുകളും കരിങ്കടലിലെ കപ്പലുകളിൽ നിന്ന് ഒമ്പത് ക്രൂയിസ് മിസൈലുകളും കരയിൽ നിന്ന് മൂന്ന് എസ്-400 ക്രൂയിസ് മിസൈലുകളും തലസ്ഥാനത്തെ ലക്ഷ്യമാക്കി വിക്ഷേപിച്ചതായി വ്യോമസേനാ വക്താവ് യൂറി ഇഹ്‌നത്ത് പറഞ്ഞു. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ കൈവിലെ പാട്രിയറ്റ് മിസൈൽ ബാറ്ററി തകർന്നതായി ഒരു റഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉക്രേനിയൻ വ്യോമസേനാ വക്താവ് ഇഹ്നത്ത് അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.