വീണ്ടും റഷ്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ


കിയവ്: റഷ്യയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ.
ദിവസങ്ങൾക്കുമുമ്പ് ‘ഓപറേഷൻ സ്പൈഡർവെബ്’ ഡ്രോൺ ആക്രമണത്തിൽ ആണവശേഷിയുള്ളവയടക്കം നിരവധി റഷ്യൻ യുദ്ധവിമാനങ്ങൾ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അതിർത്തിയിൽനിന്ന് 600 കിലോമീറ്ററിലേറെ അകലെ നിഷ്നി നൊവോഗോറോഡ് മേഖലയിലെ സാവാസ്ലേയ്ക വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ വിമാനങ്ങൾ തകർന്നത്.
ആക്രമണ രീതിയോ കൂടുതൽ വിശദാംശങ്ങളോ യുക്രെയ്ൻ സേന പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ അത്യാധുനിക കിൻഷാൽ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള മിഗ്-31 വിമാനങ്ങൾ വിന്യസിക്കാറുള്ളവയാണ് സാവാസ്ലേയ്ക വ്യോമതാവളം. മിഗ്-31 വിമാനമോ സു-30/34 വിമാനമോ ആണ് തകർന്നതെന്ന് അനുമാനമുണ്ട്.

സമാനമായി, യുക്രെയ്ൻ അതിർത്തിയിൽനിന്ന് 1,000 കിലോമീറ്ററിലേറെ അകലെ ചെബോക്സരിയിലെ ഫാക്ടറിയിൽ വിജയകരമായ ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് ഉപരോധം നേരിടുന്ന വി.എൻ.ഐ.ഐ.ആർ- പ്രോഗ്രസ് ഫാക്ടറിയാണ് ആക്രമിച്ചതെന്നാണ് യുക്രെയ്ൻ വിശദീകരണം. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്.