യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ


ന്യൂഡൽഹി: യു.എസ് സഹായം നിർത്തിയതോടെ യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഏതൊരു രാഷ്ട്രനേതാവും ചെയ്യുന്നത് മാത്രമേ പുടിനും ചെയ്തുള്ളുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം ശക്തമാക്കുന്നത്.
യുക്രെയ്നിന്റെ കിഴക്കൻ മേഖലയായ ഡോണെസ്റ്റിനെ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.ബലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അഞ്ച് നിലകെട്ടടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ 11 പേർ കൊല്ലപ്പെടുകയും അഞ്ച് കുട്ടികൾ ഉൾപ്പടെ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു ആക്രമണം കൂടി മേഖലയിൽ ഉണ്ടായതായി റിപ്പോർട്ടുണ്ടെങ്കിലും ഇതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.