താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ
അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിൻറെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി മാറിയ റഷ്യ, പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
കരാറിൻറെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ലെങ്കിലും, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ തങ്ങളുടെ പരിചയസമ്പന്നരായ പോരാളികളെ അയക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിതുറന്നിട്ടുണ്ട്. 2024-ൽ റഷ്യയുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ മോസ്കോയുടെ സഹായത്തിനായി വിന്യസിച്ചിരുന്നു. എന്നാൽ താലിബാനുമായി അത്തരമൊരു ധാരണയുള്ളതായി നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
.jpg)

