പുടിന്റെ വസതിക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചെന്ന് റഷ്യ; പതിവ് റഷ്യന്‍ നുണയെന്ന് സെലന്‍സ്‌കി

putin

ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വസതിയ്ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ. മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്സ്ബര്‍ഗിനും ഇടയിലുള്ള വ്ളാഡിമിര്‍ പുടിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ആരോപിച്ചത്. നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ വന്ന 91 ഡ്രോണുകള്‍ തകര്‍ത്തതായാണ് ലാവ്റോവ് വെളിപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്‌റോവ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

tRootC1469263">

എന്നാല്‍ ഈ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്. സാധാരണ റഷ്യന്‍ നുണയെന്ന് പരിഹസിച്ചായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി റഷ്യയുടെ ആരോപണം നിഷേധിച്ചത്. 'പ്രസിഡന്റ് ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ എല്ലാ നേട്ടങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതിന് അപകടകരമായ പ്രസ്താവനകള്‍ റഷ്യ ഉപയോഗിക്കുന്നുവെന്നും' എക്‌സ് പോസ്റ്റിലൂടെ സെലന്‍സ്‌കി വിമര്‍ശിച്ചു.

റെസിഡന്‍സ് സ്‌ട്രൈക്ക്' എന്ന കഥ കീവില്‍ ഉള്‍പ്പെടെ യുക്രെയ്‌നെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനും യുദ്ധം അവസാനിപ്പിക്കാതിരിക്കാനുള്ള റഷ്യന്‍ നീക്കത്തെ ന്യായീകരിക്കാനും ഉള്ളതാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. എല്ലാവരും ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കീവില്‍ റഷ്യ ആക്രമണം നടത്തിയേക്കാമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags