ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നിശാക്ലബ്ബിൽ മേൽക്കൂര തകർന്ന് അപകടം ; 79 മരണം, 160 പേർക്ക് പരിക്ക്


സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ ഒരു പ്രശസ്തമായ ജെറ്റ് സെറ്റ് നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 160 പേർക്ക് പരിക്കേറ്റു. രാഷ്ട്രീയക്കാരും കായികതാരങ്ങളും മറ്റും പങ്കെടുത്ത മെറെൻഗു സംഗീത പരിപാടിക്കിടെയാണ് ദാരുണമായ അപകടം ഉണ്ടായത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ രാവും പകലും തിരച്ചിൽ തുടരുകയാണെന്ന് എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡെസ് അറിയിച്ചു. മേൽക്കൂര തകർന്ന് ഏകദേശം 12 മണിക്കൂർ പിന്നിട്ടിട്ടും, നേരിയ നിലവിളികൾ കേൾക്കുന്നുണ്ടെന്ന സൂചനയെത്തുടർന്ന് രക്ഷാപ്രവർത്തകർ പ്രതീക്ഷ കൈവിടാതെ തിരച്ചിൽ നടത്തുകയാണ്. കോൺക്രീറ്റ് പാളികളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ അഗ്നിശമന സേനാംഗങ്ങൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്ലബ്ബിന്റെ മൂന്ന് പ്രധാന ഭാഗങ്ങളിലാണ് നിലവിൽ രക്ഷാപ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
