റിയാദ് വിമാനത്താവള ആക്രമണം: ജീവന്‍ നഷ്ടമായ ഇന്ത്യന്‍ പൗരന്‍ സൗദിയിലെത്തിയത് ഉംറയ്ക്കായി
തീര്‍ത്ഥാടനത്തിനായി പോയ 13 അംഗ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ്.
സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ മുഹമ്മദ് യൂസഫ് അലി സൗദിയിലെത്തിയത് ഉംറയ്ക്ക് പോകാന്‍. തീര്‍ത്ഥാടനത്തിനായി പോയ 13 അംഗ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ്. ബാഗുകള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തോടൊപ്പം കുടുംബത്തിലെ മറ്റു ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മകന്‍ അമാന് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും മറ്റൊരു മകന്‍ വസേയ്ക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോര്‍ട്ട്. മകള്‍ മറിയവും ഭാര്യ സമീറയും സുരക്ഷിതരാണെന്ന് ഇവരുടെ കുടുംബം അറിയിച്ചു. യൂസഫ് അലിയുടെ ബന്ധുവായ ആത്തിയ സുല്‍ത്താനയ്ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. ഹൈദരാബാദിലെ മെഹ്ദിപട്ടണത്താണ് കുടുംബം താമസിക്കുന്നത്. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
.jpg)


