ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ വരെ പാരിതോഷികം ; പുതിയ നീക്കവുമായി അമേരിക്ക

usa iran

ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരില്‍ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു.

ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്ക. ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരില്‍ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടല്‍ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി.

ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, മറുഭാഗത്ത് ഇറാനെ പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ അമേരിക്ക നടത്തുന്നത്. ആണവ പദ്ധതികള്‍, സ്ഥലം, പിന്നിലുള്ള വ്യക്തികള്‍ തുടങ്ങിയ വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുടെ പാരിതോഷിക പ്രഖ്യാപനത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പല തരത്തിലുള്ള ഉപരോധങ്ങള്‍ക്ക് പിന്നാലെ ഇറാനെ വരിഞ്ഞു മുറുക്കാന്‍ അയേണ്‍ ഗേറ്റ് എന്ന പേരില്‍ ടാസ്‌ക് ഫോഴ്‌സിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനിലേക്ക് കാസ്പിയന്‍ കടല്‍ വഴിയും മറ്റും എത്തുന്ന സാമഗ്രികള്‍ ആയുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനെതിരായ സാമ്പത്തിക, നാവിക ഉപരോധങ്ങള്‍ക്ക് പുറമെയാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപനം. മേഖലയില്‍ വലുതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് അമേരിക്ക, പല തരത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല.

Tags