ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച റസ്‌റ്റൊറന്റ് ഉടമ കൊല്ലപ്പെട്ട സംഭവം ; പ്രതിയെ നാടുകടത്താന്‍ കാനഡ

canada

ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച റസ്‌റ്റൊറന്റ് ഉടമ കൊല്ലപ്പെട്ട സംഭവം ; പ്രതിയെ നാടുകടത്താന്‍ കാനഡ

2023 ല്‍ ഒന്റാരിയോയിലെ ഓവന്‍ സൗണ്ടിലുള്ള ദ കറി ഹൗസ് റസ്‌റ്റൊറന്റിന്റെ ഉടമ ഫരീഫ് റഹ്‌മാന്‍ കൊല്ലപ്പെട്ട കേസില്‍ ബ്രിട്ടീഷ് പൗരനായ റോബട്ട് ഇവാന്‍സിന് മൂന്നര വര്‍ഷം തടവ്. സ്‌കോട്‌ലന്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് കൈമാറപ്പെട്ട ഇവാന്‍സ് മനപൂര്‍വ്വമല്ലാത്ത നരഹത്യ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഓവന്‍ സൗണ്ട് കോടതി ശിക്ഷ വിധിച്ചത്.


2023 ഓഗസ്തിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച സംഘത്തെ ഷരീഫ് റഹ്‌മാന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം റോബട്ട് ഇവാന്‍സ് റഹ്‌മാന്റെ മുഖത്ത് ഇടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിലത്തുവീണ് തല പാതയോരത്ത് ശക്തമായി ഇടിച്ചു. ഇതുമൂലം തലയോട്ടി പൊട്ടുകയും ഗുരുതരമായ മസ്തിഷ്‌ക രക്തസ്രാവമുണ്ടാകുകയും ചെയ്തു. ചികിത്സയിലിരിക്കേ ഒരാഴ്ചയ്ക്ക് ശേഷമാണ് ഷരീഫ് റഹ്‌മാന്‍ മരിച്ചത്.
വിചാരണയ്ക്ക് മുമ്പ് കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലയളവില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഇവാന്‍സിന്റെ ശിക്ഷാ കാലം ബാക്കിയുള്ളത്. തുടര്‍ന്ന് അദ്ദേഹത്തെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് കൈമാറി ബ്രിട്ടനിലേക്ക് നാടുകടത്തും.
കേസില്‍ പ്രതിയുടെ പിതാവായ റോബട്ട് ബിസ്ബി ഇവാന്‍സിനും അമ്മാവനായ ബാരി ഇവാന്‍സിനും ആക്രമണ ശേഷം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് 21 മാസത്തെ തടവും കോടതി വിധിച്ചു.
 

Tags